ബത്തേരി നഗരസഭയിലെ ആർമാട്കാരാണ് രണ്ട് പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകൾ കൂട്ടിമുട്ടിക്കുന്നതിനായി ബിരിയാണി ചലഞ്ച് നടത്തിയത്. എന്തായാലും രണ്ട് ചലഞ്ചും ഹിറ്റായി.രണ്ട് സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് കൂട്ടിമുട്ടിക്കാൻ നാട്ടുകാരാണ് ബിരിയാണി ചലഞ്ച് നടത്തിയത്. റോഡിനുള്ള ഭൂമി വാങ്ങാനുള്ള പണം ബിരിയാണി ചലഞ്ചിലൂടെ ലഭിച്ചു. ബത്തേരി നഗരസഭയിലെ ഒൻപതാം ഡിവിഷൻ ആർമാടിലെ ജനങ്ങളാണ് നാടിന്റെ വികസനത്തിനായി ഒരുമിച്ചത്.
ആർമാടിലെ ഒന്നാംമൈൽ പ്രദേശത്ത് തുടങ്ങുന്ന കുണ്ടാട്ടിൽ അഹമ്മദ് ഹാജി റോഡും മറുഭാഗത്തെ കുപ്പാടി പോസ്റ്റോഫീസ് പരിസരത്ത് തുടങ്ങി മുസ്‌ലിം പള്ളിക്ക് സമീപത്തുകൂടിയുള്ള റോഡുമാണ് കടമാൻചിറ പാടശേഖരത്തിന്റെ ഇരുഭാഗത്തുമായി എത്തിനിൽക്കുന്നത്. ഇതിനിടയിലെ 150 മീറ്ററോളം ഭാഗം സ്വകാര്യവ്യക്തികളുടെ സ്ഥലമാണ്. ഒൻപത് സെന്റോളം വരുന്ന മൂന്ന് വ്യക്തികളുടെ ഉടമസ്ഥതയിലുള്ള ഈ സ്ഥലം വാങ്ങുന്നതിന് പണം സ്വരൂപിക്കാനായിരുന്നു ചലഞ്ച്.
ഡിവിഷൻ കൗൺസിലർ പി. ഷംസാദിന്റെ നേതൃത്വത്തിൽ ബുധനാഴ്ചയാണ് സഹകരണത്തിന്റെ ബിരിയാണിപ്പൊതികൾ തയാറായത്. റോഡുകൾ ബന്ധിപ്പിക്കുന്നതോടെ നൂറുകണക്കിന് കുടുംബങ്ങൾക്കാണ് പ്രയോജനം ലഭിക്കുക. ഏറെദൂരം ചുറ്റിവളഞ്ഞ് പോകുന്നതിന് പകരം വേഗത്തിൽ ബത്തേരി ടൗണിലേക്കടക്കം എത്തിച്ചേരാനാകും. നിലവിൽ പാടശേഖരം വരെയെത്തി നിൽക്കുന്ന കോൺക്രീറ്റ് റോഡുകൾ നഗരസഭയുടെ അധീനതയിലാണ്. റോഡിന് ഭൂമി വാങ്ങുന്നതിന് നഗരസഭയുടെ ഫണ്ട് വിനിയോഗിക്കാനാവില്ല. അതിനാൽ വാങ്ങുന്നസ്ഥലം നഗരസഭാ സെക്രട്ടറിയുടെ പേരിൽ കൈമാറും. വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും ബത്തേരിയിലെ വ്യാപാരികളുമടക്കം ബിരിയാണി ചലഞ്ചിന് പിന്തുണയുമായെത്തി. നാട്ടുകാരും കുടുംബശ്രീ പ്രവർത്തകരും വാർഡ് വികസനസമിതിയംഗങ്ങളും നേതൃത്വം നൽകി. ചലഞ്ചിലൂടെ ഭൂമി വാങ്ങാനാവശ്യമായ തുക സ്വരൂപിക്കാനായതിന്റെ സംതൃപ്തിയിലാണ് നാട്ടുകാർ.
They did this challenge for that challenge